തിരുവനന്തപുരം: വയനാട്ടിലേക്ക് ചുരമില്ലാത്ത പാതയ്ക്കായി യൂസർ ഏജൻസിയെ നിയോഗിക്കണം എന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച സണ്ണി ജോസഫ് എംഎൽഎയ്ക്ക്, ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയെന്ന് ഒറ്റ ഡയലോഗിൽ മറുപടി നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. എന്തെങ്കിലും നടക്കുമോ ഇല്ലയോ സാധ്യത ഉണ്ടോ ഇല്ലയോ എന്നൊന്നും വ്യക്തമാക്കാതെയാണ് മന്ത്രി എല്ലാം ചീഫ് എഞ്ചിനീയറെ ഏൽപ്പിച്ചതായി അറിയിച്ചത്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ചുരമില്ലാ പാത നിർമിക്കാൻ യൂസർ ഏജൻസിയോ നിയോഗിക്കണം എന്നായി തന്നു സബ്‌മിഷൻ്റെ കാതൽ. പേരാവൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ സംബന്ധിച്ചുള്ള സബ്മിഷൻ അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ ആണ് അമ്പായത്തോട് 44-ാം മൈൽ ചുരം രഹിത പാത നിർമിക്കേണ്ടതിന്റെ ആവശ്യകത എംഎൽഎ ഉയർത്തിയത്. മന്ത്രി കേളുവിനെ കൂടി പരാമർശിച്ചായിരുന്നു സബ്മിഷൻ. മന്ത്രിയോട് പറഞ്ഞിട്ടുണ്ട് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കിയതുമില്ല. പല തവണ അപേക്ഷ നൽകിയെങ്കിലും ഇതുവരെ സർക്കാർ യൂസർ ഏജൻസിയെ നിയോഗിച്ചിട്ടില്ല എന്നും നേരത്തെ ഇവിടെ പഞ്ചായത്ത് റോഡ് ഉണ്ടായിരുന്നതാണ് എന്നും എം എൽ എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുൻപിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണെന്നും യൂസർ ഏജൻസിയെ നിയമിക്കാൻ വേഗത്തിൽ നടപടി ഉണ്ടാകണം എന്നും കൂടി എംഎൽഎ ആവശ്യപ്പെട്ടു. പേരാവൂർ നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകൾ എല്ലാം തകർന്ന നിലയിലാണ് പരിഹാരം വേണമെന്നും സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. രണ്ട് വിഷയങ്ങളിലും ഇടപെടാൻ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ മറുപടി നൽകി.
Sunny Joseph MLA's submission in the Legislative Assembly that user agency should be required for the pass freeway. Minister Muhammad Riaz responded with two vague sentences.